തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി 20 ചാംപ്യൻഷിപ്പിന്റെ രണ്ടാം സീസണിനു മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. രാവിലെ 10ന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ലേലം ആരംഭിക്കും. ഐപിഎൽ ലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ നേതൃത്വം നൽകും. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ 6 ടീമുകളാണ് മാറ്റുരയ്ക്കുക. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സാന്നിധ്യമാണ് രണ്ടാം സീസണെ ശ്രദ്ധേയമാകുന്നത്. സഞ്ജു ആദ്യ സീസണിൽ കളിച്ചിരുന്നില്ല. ഓഗസ്റ്റിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലദേശ് പര്യടനം നടക്കാൻ സാധ്യത കുറവായതിനാൽ സഞ്ജു രണ്ടാം സീസണിൽ പൂർണസമയവും കളിക്കും. ഒപ്പം വൻ ആരാധക പിന്തുണയും സഞ്ജുവിന്റെ ടീമിനു ലഭിക്കും. അതിനാൽ തന്നെ സഞ്ജുവിനെ സ്വന്തമാക്കാൻ ടീമുകൾ വാശിയോടെ രംഗത്തെത്തുമെന്ന് ഉറപ്പാണ്.കളിക്കാർക്കായി ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് മുടക്കാനാകുക. 16 മുതൽ 20 വരെ കളിക്കാരെ സ്വന്തമാക്കാം. ലേലം സ്റ്റാർ സ്പോർട്സ് 3 ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തത്സമയം കാണാനാകും.
