തിരുവനന്തപുരം : കേരളക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വില കൂടിയ താരമായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. പരമാവധി ചെലവഴിക്കാവുന്ന തുക 50 ലക്ഷമായിരിക്കെയാണ് സഞ്ജുവിനായി കൊച്ചി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് സഞ്ജുവിനെ ടീമിൽ എത്തിക്കുകയായിരുന്നു.
12.80 ലക്ഷം രൂപയ്ക്ക് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് വിലയേറിയ രണ്ടാമത്തെ താരം. ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിൾസും സ്വന്തമാക്കി. ലേലത്തിനായി റജിസ്റ്റർ ചെയ്ത 168 താരങ്ങളിൽ 91 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. നേരത്തേ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ടീമുകൾ നാലു വീതവും ട്രിവാൻഡ്രം 3 താരങ്ങളെയും നിലനിർത്തിയിരുന്നു. എല്ലാ ടീമുകളും പരമാവധി ഉൾപ്പെടുത്താവുന്ന 20 കളിക്കാരെയും തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് ചാനലിലൂടെയും ഫാൻകോഡ് ആപ്പ് വഴിയും തത്സമയം കാണാനാകും.
