തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പാലക്കാട്, മലപ്പുറം സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഫെയ്സ്ബുക്ക് പേജിലൂടെ മാപ്പ് പുറത്തുവിട്ടത്. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരുമായി ബന്ധപ്പെടണം. പൊലീസിന്റെ നേതൃത്വത്തിൽ രോഗികളുടെ ടവർ ലോക്കേഷനുകൾ ശേഖരിക്കുകയാണ്. ഇതിലെ വിവരങ്ങൾ കൂടി പിന്നീട് റൂട്ട് മാപ്പിൽ കൂട്ടിച്ചേർക്കും.കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും തുടർന്ന് പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലുമാണ് പാലക്കാട്, മലപ്പുറം സ്വദേശികൾക്കു നിപ സ്ഥിരീകരിച്ചത്. മലപ്പുറം മങ്കടയിൽ മരണമടഞ്ഞ 18 വയസ്സുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനാണ് കുട്ടി മരിച്ചത്. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെയാണ് മരണം. നിപ ബാധിച്ച പാലക്കാട് സ്വദേശി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിലവിൽ 345 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയിലുള്ളവരെല്ലാം ആരോഗ്യപ്രവർത്തകരാണ്.
