ചെന്നൈ: ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26 കാരനായ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്പെരുമ്പാക്കം സ്വദേശി മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും യുവാവ് ചിക്കന്‍ ന്യൂഡില്‍സ് കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു ദിവസം വയറിളക്കം ബാധിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ശ്വാസതടസം അനുഭവപ്പെട്ടതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയത്. വിഴുപുരം ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
