പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽ പെട്ട് വയോധികയ്ക്ക് പരുക്കറ്റ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ മാലതിയുടെ മകൻ പ്രേംകുമാറാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ 7നാണ് വീടിനു സമീപത്തെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നു മാലതിക്ക് ഷോക്കേറ്റത്. അപകടത്തിൽ മാലതിയുടെ ഇടതുകൈയ്യിലെ കൈവിരലുകൾ അറ്റു. മാലതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം മദ്യലഹരിയിൽ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു പ്രേംകുമാർ. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി.
