കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരിവേട്ട. മാരകമയക്കുമരുന്നായ ഹാഷിഷ് കലര്‍ത്തിയ അരക്കിലോ ലഹരിമിഠായികളും 523.96 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, സൗത്തിലെ തൈവളപ്പില്‍ ഹൗസില്‍ എം.വി ദില്‍ജിത്തി(19)നെയാണ് ലഹരി മിഠായികളുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്. 523.96 ഗ്രാം കഞ്ചാവുമായി മാവുങ്കാല്‍ കല്യാണ്‍ റോഡിലെ പി. ശ്രീകാന്ത് (22), എം അശ്വിന്‍ എന്നിവരെ ഹൊസ്ദുര്‍ഗ് പൊലീസും അറസ്റ്റു ചെയ്തു.
കിഴക്കും കരയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിനു സമീപത്തു വച്ചാണ് ദിൽജിത്ത് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ലഹരി മിഠായി വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം എക്‌സൈസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം തുടരുന്നതിനിടയിലാണ് കൊറിയര്‍ വഴിയാണ് മിഠായികള്‍ എത്തുന്നതെന്ന വിവരം കൂടി എക് സൈസിനുലഭിച്ചത്. തുടര്‍ നിരീക്ഷണത്തിലാണ് ദില്‍ജിത്തിനെ കൊറിയര്‍ വഴി എത്തിയ ലഹരി മിഠായികളുമായി പിടികൂടിയത്. ഇയാള്‍ക്കു പിന്നില്‍ വന്‍ റാക്കറ്റ് ഉള്ളതായി സംശയിക്കുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ സലീം, സി. സന്തോഷ് കുമാര്‍, സിഇഒമാരായ ചാള്‍സ് ജോസ്, കെ.വി അനീഷ്, വി.എ അജൂബ്,ഡ്രൈവര്‍ കെ. സുധീര്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
മറ്റൊരു കേസില്‍ കല്യാണ്‍റോഡ് സ്വദേശികളായ ശ്രീകാന്ത്, അശ്വിൻ എന്നിവരെ 523.96 ഗ്രാം കഞ്ചാവുമായി ഹൊസ്ദുര്‍ഗ് എസ്.ഐ ടി. അഖിലും സംഘവും അറസ്റ്റു ചെയ്തു. 50 പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടു പോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ജൂനിയര്‍ എസ്.ഐ പി.വി വരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം. നിഷാദ്, ഡ്രൈവര്‍ ഷബ്ജു എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
