കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു ചികിത്സയിലുള്ള രോഗിയുടെ കൂട്ടു നില്‍പ്പുകാരി ദാരുണമായി മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു.
സംസ്ഥാനത്തു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യൂത്ത് കോണ്‍ഗ്രസും ബി ജെ പി, യുവമോര്‍ച്ച, കോണ്‍ഗ്രസ്, കെ എസ് യു, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ ഓഫീസുകളിലേക്കും ആശുപത്രി സൂപ്രണ്ട്, ഡി എം ഒ മാര്‍ എന്നിവരുടെ ഓഫീസുകളിലേയ്ക്കും മാര്‍ച്ച് നടത്തി. പലേടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. അറസ്റ്റുമുണ്ടായിരുന്നു.
കോട്ടയത്താണ് രൂക്ഷമായ പ്രതിഷേധം പ്രകടമായത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് എം എല്‍ എ മാരായ ചാണ്ടി ഉമ്മന്‍, രാഹുല്‍ മാങ്കൂട്ടം എന്നിവര്‍ നേതൃത്വം നല്‍കി. കെട്ടിടം തകര്‍ന്നു ബിന്ദു എന്ന സ്ത്രീ മരിച്ചത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് അവര്‍ ആരോപിച്ചു. അപകടമുണ്ടായി രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് തിരച്ചില്‍ നടത്തിയതെന്നും നേരത്തെ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ, ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും അവര്‍ ആവര്‍ത്തിച്ചു. സമരക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നു സംഘര്‍ഷം ഉടലെടുത്തിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബി ജെ പിയും മഹിളാ കോണ്‍ഗ്രസും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്കും ഓഫീസിലേയ്ക്കും മാര്‍ച്ച് ചെയ്തു. ഇവിടെയും സമരം അക്രമാസക്തമായിരുന്നു. പൊലീസ് പ്രകടനക്കാര്‍ക്കു നേരെ ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്തു ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്കു യുവമോര്‍ച്ച ഇരച്ചുകയറി സൂപ്രണ്ടിനെ ഉപരോധിച്ചു. തൃശൂരില്‍ യൂത്ത് ലീഗ് ഡി എം ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് ചെയ്തു. മന്ത്രിയുടെ വീട്ടിലേക്കും യൂത്ത് ലീഗ് മാര്‍ച്ചുണ്ടായിരുന്നു. പത്തനംതിട്ടയിലെ മന്ത്രിയുടെ ഓഫീസിലേക്കു യുവമോര്‍ച്ച മാര്‍ച്ച് ചെയ്തു. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എറണാകുളത്തു കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവുമായി പ്രതിഷേധിച്ചു.
