തൃശൂർ : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ബിഹാർ സ്വദേശിനിയെ തൃശൂർ പൊലീസ് പിടികൂടി. സീമ സിൻഹയെയാണ് ഹരിയാണയിലെ ഗുരുഗ്രാമിലെ ആഫ്രിക്കൻ കോളനിയിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.എംഡിഎംഎ മൊത്തക്കച്ചവടക്കാരിയായ ഇവർ 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപയുടെ ലഹരി ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ 47 ഗ്രാം എംഡിഎംഎയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായ ഫസൽ നിജിലിനെ പിന്തുടർന്നുള്ള അന്വേഷണമാണ് സീമയുടെ അറസ്റ്റിലേക്കു നയിച്ചത്. ഫസൽ നിജിലിന് എംഡിഎംഎ നൽകിയ ഇടപാടുകാരൻ സീമയിൽ നിന്നാണ് ഇതു വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. സീമയുടെ നേതൃത്വത്തിൽ വൻ സംഘം ഗുരുഗ്രാം കേന്ദ്രമാക്കി അന്തർസംസ്ഥാന ലഹരി ഇടപാടിനായി പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചു. തുടർന്ന് 2 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സീമയെ പിടികൂടിയത്. കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കൂടുതൽ പേരെ പിടികൂടാൻ സീമയുടെ അറസ്റ്റ് സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.
