കൊച്ചി: തിരക്ക് കുറയ്ക്കാൻ കേരളത്തിലെ മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗം ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. ഇതു 12 കോച്ചുകളാക്കി ഉയർത്തും. ഇതോടെ 614 സീറ്റുകൾ എന്നത് 921 ആയി ഉയരും.
12 കോച്ചുകളുള്ളത് 16 ആയും ഉയർത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
നേരത്തേ കേരളത്തിലേക്ക് കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചിരുന്നു. ഇതുപ്രകാരം മെമു ട്രെയിനുകൾ ഓടിക്കാൻ പരിശിലീനം സിദ്ധിച്ച ലോക്കോ പൈലറ്റുമാരുടെ വിവരം റെയിൽവേ ശേഖരിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂട്ടുകയും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുകയും ചെയ്യുന്നതോടെ നിലവിലെ അനിയന്ത്രിതമായ തിരക്കിനു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
