കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. അപകട സ്ഥലത്ത് തെളിവെടുപ്പ് നടത്തും. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും. ഉടൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കലക്ടറോട് നിർദേശിച്ചിട്ടുള്ളത്.സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം ഇന്നും തുടരും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ബിജെപിയുടെ നേതൃത്വത്തിൽ വീണാ ജോർജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.
