പാട്‌ന: വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍, അമ്മാവനെ വിവാഹം കഴിക്കാനായി നവവധു ഭര്‍ത്താവിനെ കൊലപ്പെടുത്തി. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഗുഞ്ച ദേവി (20) എന്ന യുവതിയാണ് വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ (25) വെടിവച്ചുകൊലപ്പെടുത്തിയത്. അമ്മാവനായ ജീവന്‍ സിംഗുമായി (55) ഗൂഢാലോചന നടത്തി യുവതി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗുഞ്ചയും അമ്മാവനായ ജീവനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, ഇവരെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. അതിനിടെ രണ്ട് മാസം മുമ്പ് നിര്‍ബന്ധിച്ച് യുവതിയും പ്രിയാന്‍ഷുവും തമ്മിലുള്ള വിവാഹം നടത്തി. വിവാഹത്തിനു ശേഷവും യുവതി ജീവന്‍ സിംഗുമായി പ്രണയം തുടര്‍ന്നു. തുടര്‍ന്നാണ് പ്രിയാന്‍ഷുവിനെ വധിക്കാന്‍ ജീവന്‍ സിംഗുമായി തീരുമാനമെടുത്തത്. ജൂണ്‍ 25ന്, പ്രിയാന്‍ഷു തന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് മടങ്ങിയെത്തവേ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ഗുഞ്ചയോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രിയാന്‍ഷുവിനെ രണ്ടുപേരും ചേര്‍ന്ന് വാടകക്കൊലയാളികളെ വരുത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അമ്മാവന്‍ ഒളിവില്‍ പോയി. അജ്ഞാതര്‍ വെടിവച്ചുകൊലപ്പെടുത്തിയെന്നാണ് യുവതി ഭര്‍തൃവീട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചത്. തുടര്‍ന്ന് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഗുഞ്ച ദേവി നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് പ്രിയാന്‍ഷുവിന്റെ കുടുംബത്തിന് സംശയത്തിനിടയാക്കി. ഗുഞ്ചയുടെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ അമ്മാവനുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പ്രിയാന്‍ഷുവിന്റെയും ഗുഞ്ചയുടെയും വിവാഹം കഴിഞ്ഞ് 45-ാം ദിവസമാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്താനായി ഗുഞ്ചയെ സഹായിച്ച രണ്ടുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
