കാസര്‍കോട്: ഓടയിലേക്ക് മറിഞ്ഞ കാര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ബളാല്‍, മങ്കയം, നടുത്തൊടി ഹൗസില്‍ അര്‍ജ്ജുന്‍ തിലകി(30)നെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട മങ്കയത്ത് റോഡരുകിലെ ഓടയിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഇതിനിടയില്‍ എ.എസ്.ഐ ടി. മധുവിന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം എത്തി. കാറിന് അകത്തുണ്ടായിരുന്ന ആള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് നിര്‍ദ്ദേശം അനുസരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഈ വിവരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സതീഷിനെ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടറും ഡ്രൈവര്‍ രഞ്ജിത്ത് രാജീവും സ്ഥലത്തെത്തി. അര്‍ജുന്‍ തിലകിനോട് കാറിനു പുറത്തിറങ്ങുവാന്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും വഴങ്ങിയില്ലെന്നും നിര്‍ബന്ധിച്ചപ്പോള്‍ പുറത്തിറങ്ങുകയും ഇന്‍സ്‌പെക്ടറെ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അക്രമത്തില്‍ എഎസ്‌ഐ മധുവിനും ഡ്രൈവര്‍ രഞ്ജിത്ത് രാജീവിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷിനും പരിക്കേറ്റു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം പരിക്കേറ്റ ഇന്‍സ്‌പെക്ടറും പൊലീസുകാരും പൂടങ്കല്ല് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
