കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പരാതി. കോട്ടയം വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ ഷബീനയാണ് പരാതിയുമായി രംഗത്തെത്തിയത്.2024 സെപ്റ്റംബറിലാണ് ഷബീന പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 5 മാസം കഴിഞ്ഞതോടെ കടുത്ത വയറു വേദനയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടു. ഇതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുത്തു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കി.എന്നാൽ ചികിത്സാ പിഴവല്ലെന്നാണ് എറണാകുളം ജനറൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന നൂലാണിത്. തൊലിക്കടിയിൽ ഇരുന്ന നൂലാണ് സ്കാൻ ചെയ്തപ്പോൾ കണ്ടെത്തിയത്. നൂല് അലിഞ്ഞു പോകാതിരുന്നതു കൊണ്ടാണ് അസ്വസ്ഥത ഉണ്ടായത്. സാധാരണ ഈ നൂല് അലിഞ്ഞു പോകാൻ 6 മാസം മുതൽ ഒരു വർഷമോ അതിലധികമോ സമയമെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
