ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി മരിച്ച എയ്ഞ്ചലിന്റെ അമ്മ ജെസി പൊലീസിനോടു വെളിപ്പെടുത്തിയതോടെയാണിത്. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടി വച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജെസിയുടെ പങ്ക് അന്വേഷിക്കുന്നത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്ന എയ്ഞ്ചൽ(28) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പിതാവ് ജോസ് മോന്റെ അറസ്റ്റ് രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി 11ഓടെയാണ് വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കഴുത്തിലെ 2 രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചത്.3 വർഷം മുൻപാണ് എയ്ഞ്ചൽ വിവാഹിതയായത്. എന്നാൽ ഭർത്താവുമായി വഴക്കിട്ട് 5 മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായും വഴക്കിടുന്നത് പതിവായിരുന്നു, ചൊവ്വാഴ്ച രാത്രി ജോസ്മോന്റെ എതിർപ്പ് അവഗണിച്ച് എയ്ഞ്ചൽ സ്കൂട്ടറുമായി പുറത്തു പോയി. തിരികെ എത്തിയപ്പോൾ ഇതേ ചൊല്ലി എയ്ഞ്ചലും ജോസ്മോനുമായി മൽപിടുത്തമുണ്ടായി. ഇതിനിടെ തോർത്ത് ഉപയോഗിച്ച് ജോസ്മോൻ എയ്ഞ്ചലിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ജെസിയുടെ കൺമുന്നിൽവച്ചായിരുന്നു കൊലപാതകം നടന്നത്.മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജോസ്മോൻ തന്നെയാണ് അയൽവാസികളെ വീട്ടിലേക്കു വിളിച്ചത്. ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ അസ്വഭാവികത തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോസ്മോൻ കുറ്റം സമ്മതിച്ചത്.
