കൊല്ലം: അരിപ്പയിൽ വിളക്കിൽ നിന്ന് തീപടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം അരിപ്പ ബ്ലോക്ക് നമ്പർ 189ലെ തുളസിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി 8 മണിയോടെ അപകടമുണ്ടായത്. വീടിനു സമീപത്തെ ഷെഡിൽ കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്നു. ഇതു സമീപത്തെ വീട്ടിലേക്കു വ്യാപിച്ച് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
