ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് പിന്നാലെ മാതാവും അറസ്റ്റില്‍. എയ്ഞ്ചലിനെ കൊലപ്പെടുത്തുമ്പോള്‍ മാതാവ് കൂട്ടുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്ന 28കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജോസ്‌മോന്‍ എന്ന ഫ്രാന്‍സിസ് കഴുത്തില്‍ തോര്‍ത്തിട്ട് കുരുക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഏയ്ഞ്ചലിനെ മാതാവ് ജെസിമോള്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായതോടെ കട്ടിലില്‍ കിടത്തി. മരണം ഉറപ്പുവരുത്തിയ ശേഷം കുടുംബാംഗങ്ങളോട് മറ്റു മുറികളില്‍ പോകാന്‍ ജോസ്‌മോന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെ കരച്ചിലും ബഹളവും കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ക്കും ബന്ധുക്കള്‍ക്കും മുന്‍പില്‍ സ്വാഭാവിക മരണമാണെന്ന് ചിത്രീകരിക്കാനായിരുന്നു കുടുംബം ശ്രമിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെ പൊലീസിന് ആദ്യഘട്ടത്തില്‍ തന്നെ സംശയം ഉയര്‍ന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ഏഞ്ചല്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി. വിവാഹശേഷം ഭര്‍ത്താവുമായി പിണങ്ങി ആറുമാസത്തിലധികമായി എയ്ഞ്ചല്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്. സ്വകാര്യ ഹോസ്പിറ്റലില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. ഭക്ഷണം കഴിക്കാനും മറ്റുമായി കൂട്ടുകാരുടെ കൂടെ ഏഞ്ചല്‍ രാത്രിയില്‍ സ്ഥിരമായി പുറത്തു പോകാറുണ്ട്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. മാതാപിതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയുടെ അമ്മാവന്‍ അലോഷ്യസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാവിലെ വീട്ടില്‍ എത്തിയ അമ്മാവന്‍ കൊലപാതക വിവരം അറിഞ്ഞിട്ടും വിവരം മറച്ചുവച്ചു വെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മാവനെ ഉള്‍പ്പടെ കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും.
