കാസര്‍കോട്: എകെഎം അഷ്‌റഫ് എല്‍എല്‍എയെ കാസര്‍കോട് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി(2) മൂന്നുമാസം തടവും 10,000 പിഴയും ശിക്ഷിച്ചു. ലീഗ് നേതാക്കന്മാരും ജനപ്രതിനിധികളുമായിരുന്ന മറ്റു പ്രതികളായ ബഷീര്‍ കനില, അബ്ദുല്ല കജ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും ഇതേ ശിക്ഷ വിധിച്ചു. 2010 മാര്‍ച്ച് 15 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കിടയില്‍ പ്രതികള്‍ ഹാളില്‍ കടന്നു കയറി ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരനെ അസഭ്യം പറയുകയും കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസിലാണ് ശിക്ഷ. മൈസൂരു സ്വദേശിയായ ഇസ്മായീല്‍ എന്നയാളെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം എന്നു പറയുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിന് മൈസൂരുവിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മാറിയ രേഖ ആവശ്യപ്പെട്ട തഹസില്‍ദാരോട് ഇസ്മായീലിനെ തങ്ങള്‍ക്കറിയാമെന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കാനും ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു വഴങ്ങാതിരുന്നതിനാലായിരുന്നു അക്രമമെന്നായിരുന്നു പരാതി. നേരത്തെ ഫസ്റ്റ് ക്ലാസ് കോടതി ഈ കേസില്‍ പ്രതികള്‍ക്ക് ഒരുവര്‍ഷം മൂന്നുമാസം വീതം തടവും പിഴയും വിധിച്ചിരുന്നു. അതിനെതിരെ അഷ്‌റഫും സംഘവും നല്‍കിയ അപ്പീലിലാണ് ഒരുകൊല്ലം മൂന്നുമാസം തടവും മൂന്നുമാസമായി കുറച്ച് വിധി പ്രസ്താവിച്ചത്. സംഭവ സമയത്ത് അഷ്‌റഫ് ജില്ലാപഞ്ചായത്ത് മെമ്പറായിരുന്നു.
