തൃശൂർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസിന്റെ മകൻ ശ്രീബിന്റെ (37) ഭൗതിക ശരീരമാണ് തെലങ്കാനയിലെ ഖമ്മം റെയിൽ സ്റ്റേഷനു സമീപം ട്രാക്കിൽ കണ്ടെത്തിയത്.സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമത്തിൽ കഴിയുകയായിരുന്നു. കേരളത്തിലേക്കു ട്രെയിനിൽ മടങ്ങുന്നതിനിടെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ ഫോൺ വിളിച്ച് പറഞ്ഞിരുന്നു. ഇതിനു മണിക്കൂറുകൾക്കു ശേഷമാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച ഭൗതിക ശരീരം ശാന്തി തീരത്ത് സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ റെയിൽവേയ്ക്കും കേരള പൊലീസിനും പരാതി നൽകി.
