കാസർകോട്: പൊലീസ് ആരോഗ്യ പ്രവർത്തകരായി വേഷം മാറി എത്തി; പിടികിട്ടാപ്പുള്ളി 11 വർഷത്തിനു ശേഷം കെണിയിൽ വീണു. കർണ്ണാടക, പുത്തൂർ, മുർഡൂരിലെ അണ്ണു (55)വിനെയാണ് ആദൂർ എസ്.ഐ കെ.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സിദ്ധാപുരം, ഹാളുഗുഡ്ഢയിൽ വച്ചാണ് അറസ്റ്റ് . 2014 ആഗസ്ത് നാലിനാണ് കേസിനാസ്പദമായ സംഭവം. അഡൂർ , കൊട്ടിയാടിയിൽ വച്ച് കർണ്ണാടക രജിസ്ട്രേഷനിലുള്ള ഓട്ടോയിൽ കടത്തുകയായിരുന്ന 16 കുപ്പി കർണ്ണാടക നിർമ്മിത വിദേശ മദ്യം ആദൂർ പൊലീസ്പിടികൂടിയ കേസിലെ പ്രതിയാണ്. സംഭവ സമയത്ത് ഓടി രക്ഷപ്പെട്ട അണ്ണുവിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അതിനുശേഷം പ്രതിയെ തേടി പൊലീസ് പല തവണ മുർഡൂരിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുന്ന തിനിടയിലാണ് പ്രതി സിദ്ധാപുരത്തുള്ളതായി രഹസ്യവിവരം പൊലീസിനു ലഭിച്ചത്. തുടർന്ന് ബേക്കൽ ഡിവൈ.എസ്.പി.വി.വി. മനോജിന്റെ നിർദ്ദേശപ്രകാരം ആദൂർ എസ് ഐയും പൊലീസുകാരായ രാഘവൻ , ഹരീഷ്, ഡ്രൈവർ വിനോദ് എന്നിവരും വേഷം മാറി എത്തിയാണ് പ്രതിയെ പിടികൂടിയത്.
