കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനകത്ത് നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കൂത്തുപറമ്പ് കണ്ണവം ചെറുവാഞ്ചേരിയിലെ പി പി ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 9.30ന് ആണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ മകന്റെ ഇലക്ട്രിക് കളിപ്പാട്ട കാറിനടിയിലാണ് പാമ്പ് ഉണ്ടായിരുന്നത്. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ‘സര്‍പ്പ’ വൊളണ്ടിയര്‍ വനംവകുപ്പിന്റെ കണ്ണവം റേഞ്ച് വാച്ചര്‍ ബിജിലേഷ് കൊടിയേരി സ്ഥലത്തെത്തി. ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ രാജവെമ്പാലയെ സഞ്ചിയിലാക്കിയശേഷമാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെവീണത്.
കുട്ടി കളിപ്പാട്ടം ഉപയോഗിക്കാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. രാജവെമ്പാല പൊതുവെ മനുഷ്യരെ കടിക്കാറില്ലെന്നു ബിജിലേഷ് പറഞ്ഞു. മനുഷ്യരെ കണ്ടാല്‍ ഒഴിഞ്ഞു പോകാറാണ് രാജവെമ്പാലയുടെ സ്വഭാവമെന്നും ഉപദ്രവിച്ചാല്‍ മാത്രമേ കടിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കടിയേറ്റാല്‍ ഉയര്‍ന്ന അളവില്‍ വിഷം തള്ളുന്നതിനാല്‍ പെട്ടെന്നു തന്നെ മരണം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
