തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുൾകക്ക് മുന്നിൽ കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ എറണാകുളത്ത് സമരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം കോൺഗ്രസ് ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സർക്കാർ മെഡിക്കൽ കോളജുകളുടെ മുന്നിലും ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിസിസി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങളിൽ ഡോക്ടർമാരെ പഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുമെന്ന് കെജിഎംസിടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.
