കാസർകോട്: ഉപ്പള, സോങ്കാലിൽ കോഴി അങ്കം നടത്തിയ മൂന്നുപേർ അറസ്റ്റിൽ . സ്ഥലത്തു നിന്നു 98,010 രൂപയും എട്ടുകോഴികളെയും പിടികൂടി. കർണ്ണാടക, പുത്തൂർ, അരിയടുക്ക, കാവു ഹൗസിലെ ഭവാനി ശങ്കർ (30). മഞ്ചേശ്വരം, മജ്ബയൽ, മട്ടുമാർ കട്ട ഹൗസിലെ സന്തോഷ് കുമാർ ( 42 ), മുംബൈ,അന്ധേരിയിലെ ഗണേഷ് സുന്ദർ റൈ ( 52 ) എന്നിവരയാണ് മഞ്ചേശ്വരം എസ് ഐ കെ.രതീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തിൽ മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് വേഷം മാറിയാണ് സ്ഥലത്ത് എത്തിയത്. ഈ സമയത്ത് സ്ഥലത്ത് നൂറോളം പേർ ഉണ്ടായിരുന്നതായി പറയുന്നു. പൊലീസ് ചാടി വീണതോടെ ആൾക്കൂട്ടം ചിതറിയോടി. ചെരുപ്പു പോലും എടുക്കാതെ ഓടിയ പലർക്കും വീണ് പരിക്കേറ്റു. എന്നാൽ ഭയം കാരണം ആരും പരിക്കേറ്റ വിവരം പുറത്തുവിട്ടിട്ടില്ല. കോഴി അങ്കത്തിനു എത്തിയവരിൽ ഭൂരിഭാഗം പേരും വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
