കണ്ണൂര്‍: ആലക്കോട്, വായാട്ട് പറമ്പില്‍ ആള്‍താമസമില്ലാത്ത വീടിനു സമീപത്തു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്, കന്യാകുമാരി സ്വദേശിയായ സോമ (61)ന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. സ്ഥലത്തു നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ സൂചന പൊലീസിനു ലഭിച്ചത്. തമിഴ്‌നാട്, സിം ആണ് ഫോണില്‍ ഉണ്ടായിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആക്രി സാധനങ്ങള്‍ പെറുക്കാന്‍ എത്തിയപ്പോള്‍ വീണു മരിച്ചതായിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രവാസിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ശനിയാഴ്ച മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സമീപത്തു നിന്നു ലുങ്കിയും ഷര്‍ട്ടും കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
