ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം രഥയാത്രക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടു രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 50ല്‍പ്പരം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ വിവരമെന്നു ജില്ലാ കളക്ടര്‍ സിദ്ധാര്‍ത്ഥ് എസ് സ്വയിന്‍ പറഞ്ഞു. ഇതില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. രഥയാത്ര ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. 10 ലക്ഷത്തോളം പേര്‍ രഥയാത്ര കാണാന്‍ തടിച്ചു കൂടിയിരുന്നു. ബസന്തിസാഹു, പ്രേമകാന്ത് മൊഹന്നി, പ്രവതിദാസ് എന്നിവരാണ് മരിച്ചത്. തിരക്കിനിടയില്‍ നിലത്തു വീണവര്‍ മറ്റുള്ളവരുടെ ചവിട്ടേറ്റാണ് മരിച്ചതെന്നു പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ നടപടികളിലുണ്ടായ വീഴ്ചയാണ് അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തിനു കാരണമെന്ന് ആക്ഷേപമുണ്ട്. അന്വേഷണം നടക്കുന്നുണ്ട്.
