കാമുകനൊപ്പം താമസിക്കണം; കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 കാരനെ തല്ലിക്കൊന്നു, മൃതദേഹം കിണറ്റില്‍ തള്ളിയ ഭാര്യയും കാമുകനും അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ കാമുകനൊപ്പം ജീവിക്കാൻ അമ്പതുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുമംഗല(45), കാമുകന്‍ നാഗരാജു(40) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് പിന്നാലെ മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ജൂണ്‍ 24 ന് തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയിലാണ് സംഭവം. തിപ്തൂരിലെ കൽപടരു ഗേൾസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഭാര്യ സുമംഗലയ്ക്ക്, കരഡലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി അവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വൈകിട്ട് വീട്ടിലത്തിയ ശങ്കരമൂർത്തിയുടെ കണ്ണിൽ ഭാര്യ മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് ഒരു വടികൊണ്ട് പൊതിരെ തല്ലി. പിന്നീട് കഴുത്തില്‍ കാല്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം കാമുകനെ കൂട്ടി മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള തുരുവേക്കരെ താലൂക്കിലെ ദണ്ഡാനിശിവര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൃഷിയിടത്തിലെ കിണറ്റിലേക്ക് തള്ളിയതായി പൊലീസ് പറഞ്ഞു. നോനവിനകെരെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗൃഹനാഥനെ കാണാതായെന്ന പരാതിയിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തിരച്ചിലിനിടെ കിടക്കയിൽ മുളകുപൊടിയുടെ അംശങ്ങളും ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും പൊലീസ് കണ്ടെത്തി, ഇത് സംശയം ജനിപ്പിച്ചു. തുടർന്ന് പൊലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പൊലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സുമംഗലയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page