ആലക്കോട്: കരുവഞ്ചാല്‍ ഹണി ഹൗസിന് സമീപം പൂട്ടിയിട്ട വീടിന്റെ പരിസരത്തു നിന്നും അസ്ഥികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച നടത്തിയ തെരിച്ചിലില്‍ സ്ഥലത്ത് നിന്നും നട്ടെല്ല്, വാരിയെല്ലുകള്‍, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികള്‍ എന്നിവ കണ്ടെത്തി. കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷര്‍ട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷര്‍ട്ടിന്റെ കീശയില്‍ നിന്നും പച്ച നിറത്തിലുള്ള ചെറിയ നീളന്‍ ചീര്‍പ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവെച്ച രീതിയില്‍ നോട്ടുകള്‍, പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്തി. ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ ശേഖരിച്ച അസ്ഥികള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രവാസിയായ കുളത്തിനാല്‍ ബിജുവിന്റെ പൂട്ടിയിട്ട വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം തലയോട്ടി ഉള്‍പ്പെടെയുള്ള മനുഷ്യ ശരീരഭാഗങ്ങളുടെ അസ്ഥികള്‍ കണ്ടെത്തിയത്.
