ബംഗളൂരു: യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വളർത്തു നായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. ആഭിചാരക്രിയയുടെ ഭാഗമായാണ് യുവതി മൂന്ന് വളര്‍ത്തു നായകളില്‍ ഒരു ലാബ്രഡോറിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പശ്ചിംബംഗാള്‍ സ്വദേശിനിയായ ത്രിപര്‍ണ പയക് എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് നായയുടെ ജഡം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബെംഗളുരുവിലാണ് സംഭവം. കഴുത്തറുത്ത ശേഷം, നായയെ തുണിയില്‍ പൊതിഞ്ഞു വച്ച നിലയിൽ ആയിരുന്നു. പുറത്തറിയാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ച് അപ്പാര്‍ട്ട്മെന്‍റിന് അകത്തിരിക്കുകയായിരുന്നു യുവതി. നാട്ടുകാരുടെ വിവരത്തെത്തുടർന്ന് അധികൃതരെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നപ്പോഴാണ് അഴുകിയ നിലയില്‍ നായയുടെ മൃതശരീരം കണ്ടെത്തിയത്. ഇതിന്റെ തല അറുത്തനിലയിലായിരുന്നെന്ന് പരിശോധനയിലാണ് വ്യക്തമായത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചില വസ്തുക്കള്‍ ലഭിച്ചതോടെയാണ് അധികൃതര്‍ ദുര്‍മന്ത്രവാദമാണോ എന്ന് അന്വേഷിച്ചത്. മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ചിതറിയ നിലയില്‍ കിടപ്പുണ്ടായിരുന്നു. ഇതോടെയാണ് താന്ത്രികമായ ആചാരമാണെന്ന പ്രാഥമിക നിഗമനത്തില്‍ അധികൃതരെത്തിയത്. ഇതിനിടയിലാണ് കെട്ടിയിട്ട നിലയില്‍ മറ്റ് രണ്ട് നായയകളെ കൂടി കണ്ടെത്തിയത്. ഇവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലുദിവസം മുമ്പാണ് നായ ചത്തതെന്ന് വ്യക്തമായി. യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
