കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഏഴിലോട് സ്വദേശിയുടെ ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടി. കോഴിക്കോട് ,മാവൂര്‍, ചെറൂപ്പ കൊടക്കല്ലിന്‍മേല്‍ കെ.കെ.മുഹമ്മദ് സൈദ്(21) ആണ് പിടിയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
ഉഡുപ്പിയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായിരുന്ന ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റാണ് തട്ടിപ്പിനിരയായത്. യുട്യൂബില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിച്ച ഗ്രൂപ്പില്‍ എഡ്ഗാര്‍ വിന്‍സെന്റ് പങ്കാളിയാവുകയും ഗ്രൂപ്പില്‍ നിന്ന് നിര്‍ദേശിച്ച സ്ഥാപനങ്ങളുടെ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. പരിയാരം പൊലീസാണ് ആദ്യം കേസെടുത്തത്. വന്‍ തട്ടിപ്പായതിനാല്‍കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ കേസില്‍ വാണിമേല്‍ പാലോറമ്മല്‍ സ്വദേശി മുഹമ്മദ് ഷെരീഫിനെ (26) ജനുവരി ഒമ്പതിനും മറ്റൊരു പ്രതിയായ മലപ്പുറം മൂത്തേടം മരംവെട്ടിച്ചാല്‍ വെള്ളാട്ടത്തെ ഹൗസില്‍ വി.വി.സനീഷിനെ (31) മാര്‍ച്ച് രണ്ടിനും സംഘത്തിലെ പ്രധാനിയായ മലപ്പുറം മൂത്തേടം പഞ്ചായത്തംഗവും യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുമായ എടക്കര മരുതംങ്ങാട് മദാരി ഹൗസില്‍ നൗഫല്‍ മദാരിയെ (42) ഏപ്രില്‍ 17നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ മുഹമ്മദ് സൈദ് കേസില്‍ രണ്ടാംപ്രതിയാണെന്നു പൊലീസ് പറഞ്ഞു.
എഡ്ഗാര്‍ വിന്‍സെന്റില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ ഒമ്പത് ലക്ഷം രൂപ മുഹമ്മദ് സൈദിനാണ് ലഭിച്ചത്. നാല് ആളുകളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി അതിലേക്ക് നിക്ഷേപിപ്പിച്ച പണമാണ് ഇയാള്‍ കൈക്കലാക്കിയത്. വിവിധ ആളുകള്‍ക്ക് കമ്മീഷന്‍ നല്‍കി അവരുടെ പേരില്‍ അക്കൗണ്ട് എടുപ്പിച്ച് അതിലേക്ക് പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
എസ്.ഐമാരായ മനോജ്, സതീശന്‍, അജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
