വിവാഹം കഴിഞ്ഞ് 29 ദിനം, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതം; ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ജോഗുലാംബ ഗഡ്വാളില്‍ ലാന്‍ഡ് സര്‍വേയറായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് പിടികൂടി. ഗന്ത തേജേശ്വരിനെയാണ് ഈമാസം 17ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കര്‍ണൂലിലെ കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡിന്റെ മാനേജരായ വി. തിരുമല റാവു (35), തേജേശ്വറിന്റെ ഭാര്യ സഹസ്ര എന്ന 23 കാരിയായ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പിടികൂടിയ എട്ടുപ്രതികളെയും കോടതി റിമാന്റുചെയ്തു. തെളിവുകള്‍ ശേഖരിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. മെയ് 18 ന് ബീച്ചുപള്ളിയിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഐശ്വര്യയെ തേജേശ്വര്‍ വിവാഹം കഴിച്ചത്. തേജേശ്വറിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യ വിവാഹിതനായ തിരുമല റാവുവുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറില്‍ ഐശ്വര്യയുടെ കുടുംബം തേജേശ്വറുമായുള്ള വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഐശ്വര്യയും തിരുമല റാവുവും തേജേശ്വറിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. വാടക കൊലയാളികളായ നാഗേഷിനും പരശുരാമുഡുവിനും രാജുവിനും മൂന്നരലക്ഷം നല്‍കിയാണ് പദ്ധതി ആസൂത്രണം ചെയ്തു. 17ന്
വസ്തു വാങ്ങാനെന്ന വ്യാജേനയാണ് മൂവരും തേജേശ്വറിനെ കാണാനെത്തിയത്. വന്നവരെ വിശ്വാസത്തിലെടുത്ത തേജേശ്വര്‍ അവര്‍ക്കൊപ്പം സ്ഥലം കാണാന്‍ കാറില്‍ പോയി. ഇട്ടിക്യാല മണ്ഡലത്തിലെ മൊഗലിറാവു ചെറുവു, ഗഡ്വാള്‍ മണ്ഡലത്തിലെ വീരപുരം തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ കൊണ്ടുപോയി. കൃഷ്ണ റെഡ്ഡി ബംഗ്ലാവിന് സമീപത്ത് എത്തിയപ്പോള്‍ വാടക കൊലയാളികള്‍ തെജേശ്വറിനെ പിടികൂടി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
തേജേശ്വറിന്റെ ഫോണുകളും ലാപ്‌ടോപും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും കൃഷ്ണ നദിയിലേക്ക് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പുല്ലുരു അന്തര്‍സംസ്ഥാന ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സഹസ്ര ഐശ്വര്യയുടെ ബോസ് തിരുമല റാവുവും മൂന്ന് വാടക കൊലയാളികളും പിടിയിലായത്. ഐശ്വര്യയുടെ അമ്മ സുജാതയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അവര്‍ നേരിട്ട് കുറ്റ കൃത്യത്തില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം അന്വേഷിക്കാന്‍ ഗഡ്വാള്‍ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ് റാവുവിന്റെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page