തൃശൂർ: കൊടകരയിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളിൽ കുടുങ്ങിയത്. ഇതിൽ ഒരാളെ പുറത്തെടുത്തു. ഒരാളുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരാളിന് വേണ്ടി പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു. 17 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നു പറയുന്നു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വീട് തകർന്നു വീണതോടെ മറ്റു 14 പേർ ഓടി രക്ഷപ്പെട്ടു. രാവിലെ ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അപകടം. 40 വർഷം പഴക്കമുള്ള കെട്ടിടം കനത്ത മഴയിലാണ് തകർന്നു വീണത്. നാലുവർഷം മുമ്പാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ചു വരുന്നത്.
