കോയമ്പത്തൂര്‍: നാലുവയസുകാരിയെ കടിച്ചുകൊന്ന വാല്‍പ്പാറയിലെ കൊലയാളിപ്പുലി ഒടുവില്‍ കുടുങ്ങി. പച്ച മല എസ്റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുലി കുടുങ്ങിയത്. നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പുലിക്കൂട് സ്ഥാപിച്ചത്. നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ തേയില തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ജൂണ്‍ 20നാണ് ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദേവി ദമ്പതികളുടെ മകള്‍ റോഷ്നിയാണ് പുലിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പകുതി ഭക്ഷിച്ച നിലയിലാണ് അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. പത്തുദിവസം മുമ്പാണ് കുടുംബം വാല്‍പ്പാറയിലെത്തിയത്. കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു.
