ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങൾ ഇറാന്‍ ആക്രമണത്തെ തുടർന്ന് അടച്ച ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. കുവൈറ്റിലെ വ്യോമപാതയും തുറന്നു. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മാറി. വ്യോമപാത തുറന്നതോടെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം – അബുദാബി എത്തിഹാദ്, തിരുവനന്തപുരം – ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും. എന്നാൽഎയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവെസിന്റെയും കുവൈത്ത് എയർവേയ്സിൻ്റെയും ഇൻഡിഗോയുടെയും ഓരോ വിമാനവും റദ്ദാക്കിയിട്ടുണ്ട്. പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ‘ബഷാരത്ത് അല്‍ ഫത്തേ’ എന്ന ഓപ്പറേഷന്‍ ഇറാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഖത്തറടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചത്. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്.
