കാസര്‍കോട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ ആള്‍ക്കാരെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ കൊല്ലുമെന്നും ക്യാമ്പ് തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മാലോത്ത്, പറമ്പയിലെ ശ്യാം കമലിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. മാലോം, പറമ്പ ഗവ.എല്‍.പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയ ശ്യാം കമലിനെ ക്യാമ്പിന്റെ ചുമതല ഉണ്ടായിരുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി ആര്. രജിത്ത് (46), മാലോത്ത് വില്ലേജ് ഓഫീസര്‍ എലിയാസ് ദാസ് (40) എന്നിവര്‍ ചോദ്യം ചെയ്തു. ഈ വിരോധത്തിലാണ് ഭീഷണിപ്പെടുത്തിയതെന്നു ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞു.
