കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ കയറി നിന്ന വയോധികൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളി(71) ആണ് മരിച്ചത്. ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ട് കുട ചൂടി പ്ലാറ്റ്ഫോമിൽ നിന്നു താഴേക്കിറങ്ങുകയായിരുന്നു. മുരളിയെ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ കടന്നു പോയപ്പോഴാണ് സമീപത്ത് നിന്നവരെല്ലാം വിവരമറിയുന്നത്. ഗുരുതരമായി പരുക്കേറ്റ മുരളിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
