കാസര്‍കോട്: വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 11.190 കിലോ കഞ്ചാവു പിടികൂടിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഉദുമ, ബാര മുക്കുന്നോത്ത് ഹൗസിലെ മുനീറി(31)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അറസ്റ്റ്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബാഷ്, സജീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു.
2025 ഏപ്രില്‍ 25ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കുന്നോത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ സമീറിനും സഹോദരന്‍ മുനീറിനും എതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. കേസെടുത്തതോടെ ഇരുവരും ഒളിവില്‍ പോയി. ഒന്നാം പ്രതിയായ സമീറിനെ പിന്നീട് മംഗ്‌ളൂരുവിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ പൊലീസ് പിടികൂടിയിരുന്നു.