കാസര്‍കോട്: കോടതി വെറുതെ വിട്ട കേസിലെ പ്രതിയായ യുവാവിനെതിരെ ഭീഷണി സന്ദേശം അയച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹക്കിം, ഇംതിയാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ ഇംതിയാസ് പൊലീസ് കസ്റ്റഡിയിലാണ്.
എടനാട്, കട്ടത്തടുക്ക, മണപ്പുറത്ത് ഹൗസില്‍ വി.എം അരുണ്‍ കുമാറാണ് പരാതിക്കാരന്. ഇദ്ദേഹത്തെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി വെറുതെ വിട്ടിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ഭീഷണി സന്ദേശം അയച്ചതെന്നും കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ‘പൊളിറ്റിക്സ് ഓണ്‍ലി’ എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രചരിപ്പിച്ചത്. ഗ്രൂപ്പില്‍ അന്യായക്കാരന്റെ വീട്ടിലേക്കുള്ള വഴിയും പോസ്റ്റു ചെയ്തിരുന്നു. ‘സമയം, സന്ദര്‍ഭം, സാഹചര്യം ഒത്തുവരുന്ന സമയത്ത് ആ ഫയല്‍ ഒന്നുകൂടി പൊടി തട്ടിയെടുക്കും’ എന്ന് വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു വെന്നു കേസില്‍ വിശദമാക്കുന്നു. കസ്റ്റഡിയിലായ ഇംതിയാസിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
