അഹമ്മദാബാദ്: വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം വലിയൊരു തീജ്വാലയായി മാറി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. യാത്രക്കാരല്ലാത്ത നാല് മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ 24 പേരെങ്കിലും മരിച്ചിട്ടുണ്ട്.
ഇപ്പോള്‍ മരക്കട്ടിലില്‍ കിടന്ന 14 കാരനും വിമാനദുരന്തത്തിനിരയായ വിവരമാണ് പുറത്തുവരുന്നത്. ദുരന്തം നടക്കുമ്പോള്‍ 9 ക്ലാസുകാരനായ ആകാശ് പട്‌നി ചായക്കടക്ക് സമീപത്ത് മരക്കട്ടിലില്‍ ഉറങ്ങുകയായിരുന്നു.
അപകടം ഉണ്ടായ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് സമീപമാണ് മാതാവ് സീതാബെന്‍ ചായക്കട നടത്തുന്നത്. പെട്ടെന്ന് തീഗോളം അടങ്ങിയ ഒരു വലിയ ലോഹക്കഷണം ആകാശിന്റെ തലയില്‍ വീണു. അപ്പോള്‍ തന്നെ ആകാശിനെ തീ വിഴുങ്ങി. തട്ടുകടയില്‍ ചായ വിളമ്പിക്കൊണ്ടിരുന്ന മാതാവ് സീതാബെന്‍ പടാനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇപ്പോള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പിതാവ് ഓട്ടോ ഡ്രൈവറായ സുരാജ് പട്നിക്ക് ആ സമയത്ത് അവരോടൊപ്പം ഉണ്ടായിരുന്നില്ല. ഒരു സ്വകാര്യ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആകാശ്. മാതാവിന് ഉച്ചഭക്ഷണം എത്തിക്കാന്‍ അവരുടെ ചായക്കടയിലേക്ക് എത്തിയതായിരുന്നു. മാതാവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മരക്കട്ടിലില്‍ അല്‍പ നേരം ഉറങ്ങാന്‍ കിടന്നിരുന്നു. ആകാശ് തീയില്‍ ജീവനോടെ കത്തിക്കരിഞ്ഞെന്ന് സഹോദരീ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ വിശാല്‍ഭായ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ മാതാവിനൊപ്പം എന്നും സഹായത്തിനുണ്ടായിരുന്ന മറ്റൊരു മകന്‍ കല്‍പേഷ് പട്‌നി സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം മാത്രമേ സഹോദരന്റെ മൃതദേഹം കൊണ്ടുപോകാന്‍ കഴിയൂവെന്ന് കല്‍പേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മൃതദേഹം വിട്ടുനല്‍കാന്‍ വൈകുന്നതിന്റെ കാരണവും അറിയില്ലെന്ന് കല്‍പേഷ് പറഞ്ഞു.







