കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരന് പിടിയില്‍. അരീക്കര സ്വദേശി അസ്ലമിനെയാണ് പിടികൂടിയത്. കുറ്റ്യാടി അരീക്കരയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈല്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇവിടെ താമസിക്കുന്നുണ്ട്. പ്രതിയുടെ ലാബിന് പിറകിലാണ് സ്ത്രീകള്‍ താമസിക്കുന്ന സ്ഥലം. താലൂക്ക് ആശുപത്രിക്ക് സമീപമാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോള്‍ ചെറിയ ജനാലയ്ക്ക് അരികില്‍ മൊബൈല്‍ ക്യാമറയുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. പെണ്‍കുട്ടി ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട ആളെ സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചു.
