കൊച്ചി : സിനിമ നിരൂപണം നടത്തിയതിനു 14 വയസ്സുകാരിയെ അധിക്ഷേപിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. വിഡിയോകൾ പ്രചരിച്ചതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായതായി ചൂണ്ടിക്കാട്ടി മാതാവ് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. മൂൺവാക്ക് എന്ന സിനിമയെക്കുറിച്ചാണ് പെൺകുട്ടി നിരൂപണ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പിന്നാലെയാണ് ചിലർ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകളുമായി രംഗത്തെത്തിയത്. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ എന്നിവയും പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഇതോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പൊലീസിൽ പരാതി നൽകിയിട്ടും ഇവ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ലെന്നും കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.







