ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് വിലക്ക്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പും നടന്നതായി വിവരമുണ്ട്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു.
വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് പ്രതിഷേധം തുടങ്ങിയത്. ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് ചെയ്തിരുന്നു. വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബിഷ്ണുപൂരില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി, പട്ടിക വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവാണ് സംഘര്‍ഷത്തിന് കാരണമായത്. 2023 മെയ് മുതല്‍ മെയ്‌തെയ്സിനും കുക്കി-സോ ഗ്രൂപ്പുകള്‍ക്കും ഇടയിലുള്ള വംശീയ അക്രമത്തില്‍ 260-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ കേന്ദ്രം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
