ബംഗളൂരു: പതിനേഴുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്ന് ഏഴുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു റൂറല്‍ ഡിവിഷനിലെ സൂര്യനഗര്‍ പൊലീസാണ് പ്രതികളെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തത്. ബിഹാറിലെ നവാഡ സ്വദേശികളായ പ്രതികളെ കര്‍ണാടകയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.
മെയ് 21-നാണ് മൃതദേഹം കണ്ടെത്തിയത്. പഴയ ചന്ദാപുര റെയില്‍വേ പാലത്തിന് സമീപത്ത് നീലനിറത്തിലുള്ള സ്യൂട്ട് കേസിലാണ് 17-കാരിയുടെ മൃതദേഹം സൂക്ഷിച്ചത്. ബെംഗളൂരു-ഹൊസൂര്‍ ദേശീയപാതയുടെ അരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. പെണ്‍കുട്ടി ബിഹാര്‍ സ്വദേശിനിയാണെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഓടുന്ന ട്രെയിനില്‍നിന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ് നിഗമനം. കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ അറസ്റ്റിലായവരെ ചോദ്യംചെയ്യുകയാണ്. അറസ്റ്റിലായ ഏഴുപേരില്‍ ആഷിക് കുമാര്‍, മുകേഷ്, രാജാറാം മോഹന്‍ എന്നിങ്ങനെ മൂന്നുപേരുടെ പേരുവിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഇതില്‍ ആഷിക് കുമാര്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.
