പട്ന: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചതിനു ഡോക്ടർക്കു ക്രൂര മർദനം. ഡോ. ജിതേന്ദ്ര യാദവിനാണ് മർദനമേറ്റത്. ബിഹാറിലെ ഗയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അതിജീവിതയുടെ വീട്ടിൽ നിന്നു ഡോക്ടറെ ബലമായി വലിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകളും വടികളും കൊണ്ട് മർദിക്കുകയായിരുന്നു.രക്തം വരും വരെ ആക്രമണം തുടർന്നു.2021ലാണ് യുവതി കൂട്ടബലാത്സംഗത്തിനു ഇരയായത്. തുടർന്ന് യുവതിയുടെ പരാതിയിൽ ഗ്രാമവാസിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മറ്റു പ്രതികൾ ഒളിവിൽ പോയി. മേയ് 30ന് കേസിൽ അതിജീവിത കോടതിയിലെത്തി മൊഴി നൽകി. പിന്നാലെ അറസ്റ്റിലായ യുവാവിന്റെ ബന്ധുക്കൾ അതിജീവിതയെയും വീട്ടുകാരെയും ക്രൂരമായി ആക്രമിച്ചു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടർക്കാണ് മർദനമേറ്റത്. ഇവർക്ക് മരുന്ന് നൽകുന്നതിനിടെയാണ് 5 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടുന്ന അക്രമി സംഘം വീട്ടിലെത്തുന്നത്. കുടുംബത്തിലുള്ളവരെ ആക്രമിച്ച ശേഷം ഡോക്ടറെ മർദിക്കാൻ പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു. പരുക്കേറ്റ അതിജീവിതയുടെ ബന്ധു റോഡിലെത്തി സഹായം തേടിയതോടെ പൊലീസ് സ്ഥലത്തെത്തി. എന്നാൽ അപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ഡോക്ടറെ മരത്തിൽ നിന്നു മോചിപ്പിച്ചത്. എന്നാൽ ആക്രമണത്തിന് കൂട്ടബലാത്സംഗവുമായി ബന്ധമില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇരുകുടുംബങ്ങളുമായി നിലനിൽക്കുന്ന സ്ഥല തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ 10 പേർക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.എന്നാൽ ഡോക്ടറെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതു രാഷ്ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്.
