കൊൽക്കത്ത: നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സഹോദരപുത്രനെ കൊന്ന് 3 കഷണങ്ങളാക്കി സിമന്റിട്ട് ഒളിപ്പിച്ച യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് സംഭവം. തൊഴിലാളികളെ എത്തിച്ചു നൽകിയിരുന്ന കരാറുകാരനായ സദ്ദാം നദാബാണ് കൊല്ലപ്പെട്ടത്. അമ്മായിയായ മൗമിത ഹസൻ നദ്ദാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 18ന് ജോലിക്കായി സ്കൂട്ടറിൽ വീടു വിട്ടിറങ്ങിയ സദ്ദാമിനെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ മൗമിതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തു വന്നത്. അച്ഛന്റെ വീട്ടിൽ മൗമിതയ്ക്കൊപ്പമാണ് സദ്ദാം താമസിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നതും. ഇവർ പ്രണയത്തിലായിരുന്നതായും ആരോപണമുണ്ട്. തന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് സദ്ദാം പറഞ്ഞതാണ് കൊലയ്ക്കു കാരണമെന്ന് മൗമിത കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊന്ന ശേഷം മൃതദേഹം 3 കഷണങ്ങളാക്കി അറുത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീട്ടിലെ പടിക്കെട്ടിന്റെ അടിയിൽ സിമന്റിട്ട് ഒളിപ്പിക്കുകയായിരുന്നു. ഇതു പൊലീസ് പുറത്തെടുത്തിട്ടുണ്ട്.എന്നാൽ സദ്ദാമിന്റെ കൈയ്യിൽ ഒരു പാട് പണം ഉണ്ടായിരുന്നതായും സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
