കണ്ണൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. കണ്ണൂര്‍, പുതിയതെരു, മണ്ഡപത്തിനു സമീപത്തു ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ പാലക്കുളങ്ങര, അമ്പലം-ഭ്രാന്തന്‍കുന്ന് കള്ളുഷാപ്പ് റോഡിലെ പ്രദീപന് (56) ആണ് മരിച്ചത്. അപകട സമയത്ത് ഭാര്യ പാര്‍വ്വതി, മകന് അരുണ്‍ കുമാറും ഓട്ടോയിലുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് ഓട്ടോ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തു നിര്‍ത്തിയിട്ടു തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പ്രദീപനും കുടുംബവും. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ തിരിച്ചെത്തി ഓട്ടോയുമായി വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്നും പറയുന്നു. ഓട്ടോയ്ക്ക് അടിയില്‍ കുടുങ്ങിയ പ്രദീപനെ നാട്ടുകാര്‍ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മകള്‍; അഖില. മരുമകന്: രാംദാസ്.
