കല്‍പ്പറ്റ: നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പുള്ളിമാനിനെ പിടികൂടി കറിവച്ച നാലുപേര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ, മൂക്കുത്തിക്കുന്ന് സ്വദേശികളായ പുളിക്കചാലില്‍ സുനില്‍ (59), തടത്തില്‍ ചാലില്‍ സന്തോഷ് (50), പുത്തൂര്‍ക്കൊല്ലി രാധാകൃഷ്ണന്‍(48), വാളംവയല്‍ ശിവരാമന്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സുനിലിന്റെ വീട്ടില്‍ മാനിറച്ചി പാകം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. പാകം ചെയ്തതും ചെയ്യാത്തതുമായ 40 കിലോയോളം ഇറച്ചിയാണ് കണ്ടെടുത്തത്. മുത്തങ്ങ റെയ്ഞ്ചില്‍ തോട്ടാമൂല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിധിയിലാണ് പുള്ളിമാനിനെ കൊന്ന് കറിവച്ച സംഭവം നടന്നത്.
