കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. ചെര്‍ക്കള, കുണ്ടടുക്കയിലാണ് വെള്ളിയാഴ്ച്ച രാവിലെ വിള്ളല്‍ കാണപ്പെട്ടത്. വിള്ളലിന്റെ വലുപ്പം കൂടി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാലം നിര്‍മ്മിക്കാനായി എടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിനു ഇടയാക്കിയതത്രെ. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്ഥലത്തെത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, വില്ലേജ് ഓഫീസര്‍ ചന്ദ്രശേഖരന്, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ. പ്രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വിള്ളല്‍ വലുതായി മണ്‍തിട്ട തകര്‍ന്നാല്‍ കുണ്ടടുക്കത്തെ 20 വീടുകള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. തെക്കിലില്‍ മഴവെള്ളപാച്ചില്‍ ദേശീയ പാതയുടെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ട്.
കാസര്‍കോട്, മധൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ഉദുമ കളനാട് സ്വദേശിയായ സാദിഖിനെയാണ് കാണാതായത്. ഭാര്യാ സഹോദരന് മൊയ്തീനൊപ്പം നടന്നു പോകുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടാണ് അപകടം. മൊയ്തീനും വെളളത്തില്‍ വീണുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. സാദിഖിനെ കണ്ടെത്താന്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.
