കാസര്‍കോട്: മൂന്നാം വിവാഹത്തിനായി പത്രപരസ്യം നല്കിയ യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 34 കാരിയുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍, കയ്പമംഗലം സ്വദേശി പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. 2023 ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ വരെ വിവിധ ദിവസങ്ങിലാണ് പീഡിപ്പിച്ചതെന്നാണ് കേസ്. കാസര്‍കോട്, മൂന്നാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നു പരാതിയില്‍ പറഞ്ഞു.
യുവതിയുടെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാം വിവാഹം നടന്നുവെങ്കിലും ദാമ്പത്യ പ്രശ്നങ്ങള്‍ കാരണം വിവാഹ മോചനം നേടി. അതിനു ശേഷമാണ് മൂന്നാം വിവാഹത്തിനു താല്പര്യം ഉണ്ടെന്ന് അറിയിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രശാന്ത് യുവതിയെ ബന്ധപ്പെടുകയും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നു അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. പിന്നീട് പ്രശാന്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയെന്നും യുവതി പരാതിയില്‍ പറയുന്നു.
