കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനാപകടങ്ങള്‍. ഏഴു പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു യുവതികളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഭാസ്‌കര നഗറില്‍ ആദ്യത്തെ കാര്‍ അപകടം നടന്നത്. മംഗ്ളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന കളത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം തെറ്റി തല കീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ നവോദയ ഫ്രന്റ്സ് ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് കാറിനകത്തു നിന്നു പുറത്തെടുത്തത്. രാത്രി 12.30 മണിയോടെയാണ് ഭാസ്‌കര നഗറില്‍ രണ്ടാമത്തെ അപകടം ഉണ്ടായത്. ബദിയഡുക്ക, നാരമ്പാടി, മാണിമൂല സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളിയും കേട്ടെത്തിയ നവോദയ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് കാറിനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ചിത്ര (32), ബേബി (40) എന്നിവരെ മംഗ്ളൂരുവിലെ ആശുപത്രിയിലും ശിവരാമ (22), ഭവ്യ (19), ദിവ്യ (19), ആദര്‍ശ് (4), അശ്വിത് (2) എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമ്പള, പേരാലില്‍ നടന്ന ഗൃഹപ്രവേശന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മാണിമൂല സ്വദേശികള്‍. സീതാംഗോളി-പെര്‍ള റോഡിലെ കട്ടത്തടുക്കയിലും അപകടം ഉണ്ടായി. നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം.







