മഞ്ചേശ്വരം : നാലു ദിവസമായി തുടർച്ചയായി വൈദ്യുതി വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് ഉപ്പളയിൽ നാട്ടുകാർ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് വളഞ്ഞു. സ്ഥിരമായി വൈദ്യുതി ഇല്ലാത്തതിനാൽ വെളിച്ചവും കുടിവെള്ളവും പോലുമില്ലാതെ മഴക്കാലത്ത് ജനങ്ങൾ നട്ടം തിരിയുകയാണെന്ന് ഉപ്പള വൈദ്യുതി സെക്ഷനിൽ തടിച്ചുകൂടിയ സ്ത്രീ പുരുഷന്മാർ അടക്കമുള്ള ആൾക്കൂട്ടം മുറവിളിച്ചു. നാലുദിവസമായി അനുഭവപ്പെടുന്ന മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരുന്നതിനാലാണ് വൈദ്യുതി പുനസ്ഥാപിക്കാൻ കാലതാമസം ഉണ്ടാവുന്നതെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി തകരാറിനെക്കുറിച്ചും ലൈൻ പൊട്ടി നിലത്ത് വീണു കിടക്കുന്നതിനെക്കുറിച്ചും അറിയിക്കാൻ ചെയ്യുന്ന ഫോൺ പോലും അധികൃതർ അറ്റൻ്റ് ചെയ്യാത്തത് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചു. സെക്ഷൻ പരിധിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ നിരന്തരം വിളിച്ചുകൊണ്ടിരുന്നാൽ എങ്ങനെയാണ് ഫോണുകൾ അറ്റൻഡ് ചെയ്യുന്നതെന്ന് അധികൃതർ നിസ്സഹായത പ്രകടിപ്പിച്ചു. മാത്രമല്ല ആവശ്യത്തിന് ജീവനക്കാരുമില്ല. കുറെ പണികൾ ബുധനാഴ്ച പൂർത്തിയാക്കാൻ കരാർ കൊടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ആൾക്കൂട്ടത്തെ ശാന്തമരാക്കി. ബുധനാഴ്ച വൈദ്യുതി പൂർണമായി പുനസ്ഥാപിക്കുമെന്ന ഉറപ്പിൽ ആൾക്കൂട്ടം പിരിഞ്ഞു . മഞ്ചേശ്വരം, പൈവളിക സെക്ഷനുകളിലും വൈദ്യുതി തടസ്സം അതീവ ദുസഹമാണെന്ന് പരാതിയുണ്ട്.
