കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, കണ്ണിത്തോട് ഹൗസില്‍ പി.ഡി അഭിഷേക് (20)ആണ് മരിച്ചത്. വിദ്യാനഗര്‍ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ മൂന്നാം നമ്പര്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു. വിവരം ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ അഭിഷേക് മാതാവിനെ ഫോണ്‍ ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. അഭിഷേകിന്റെ സഹോദരി അവന്തികയുടെ പിറന്നാള്‍ ദിനം ചൊവ്വാഴ്ചയാണ്. വൈകുന്നേരം വീട്ടിലെത്തുമെന്ന് അറിയിച്ചാണ് ഫോണ്‍ വച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. തൊട്ടുപിന്നാലെയാണ് മരണവാര്‍ത്ത എത്തിയത്. ഏതാനും ദിവസം മുമ്പാണ് അഭിഷേക് പാണത്തൂരിലെ വീട്ടില്‍ നിന്നും ഹോസ്റ്റലില്‍ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഹോസ്റ്റല്‍ അധികൃതരുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
